India

ഡൽഹിയിലെ വായുമലിനീകരണം; ജനങ്ങൾക്ക് വരുടെ ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്: സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വർഷങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി. ഡൽഹിയിലെ വായുമലിനീകരണ വിഷയം പരിഗണിക്കവേ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്. ഇക്കാര്യത്തിൽ ഒരു ന്യായവും കേൾക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. 

ഡൽഹിക്ക് എല്ലാ വർഷവും ശ്വാസം മുട്ടുകയാണ്. നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. എല്ലാ വർഷവും ഇത് സംഭവിക്കുന്നു. 10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. പരിഷ്കൃത രാജ്യങ്ങളിൽ ഇങ്ങനെ നടക്കാൻ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണ്- കോടതി പറഞ്ഞു. 

ഇത്തരമൊരു അന്തരീക്ഷത്തിൽ നമുക്ക് അതിജീവിക്കാനാകുമോ? ഇങ്ങനെയല്ല നാം അതിജീവിക്കേണ്ടത്. മുറികൾക്കുള്ളിൽ പോലും ആരും സുരക്ഷിതരല്ല- ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മലിനീകരണം നിയന്ത്രിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. അവർ ജനങ്ങളെ മരിക്കാൻ വിട്ടുവെന്നും കോടതി വിമർശിച്ചു.

ഡൽഹിയിലെ സ്ഥിതി ഭയാനകമാണ്. കേന്ദ്രവും ഡൽഹിയുമെന്ന നിലയിൽ എന്തു ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഈ മലിനീകരണം കുറയ്ക്കാൻ എന്ത് ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്- കോടതി ആരാഞ്ഞു. പഞ്ചാബ് ഹരിയാണ സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയ്ക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.

Related Posts