Crime Ernakulam Special Investigative Stories

വനിതാ ഡോക്ടറെ ബന്ദിയാക്കി പൊട്ടിച്ച മദ്യകുപ്പി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി: മോഷ്ടാക്കള്‍ കവര്‍ന്നത് 100 പവന്‍ സ്വര്‍ണവും 70,000 രൂപയും

എറണാകുളത്ത് വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 100 പവന്‍ സ്വര്‍ണവും 70,000 രൂപയുമാണ് കവര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രി രണ്ടരയോടെയായിരുന്നു സംഭവം.

രണ്ടുപേരടങ്ങുന്ന സംഘം വീടിന്റെ പിന്നിലെ വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. മുഖംമൂടിയും നിക്കറും ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി പൊട്ടിച്ച മദ്യകുപ്പി ഡോക്ടറുടെ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കുകയും വിവാഹാവശ്യത്തിന് സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു. ഡോക്ടറുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ ഊരി വാങ്ങി.

മോഷ്ടാക്കള്‍ മോചിപ്പിച്ച ഉടന്‍ ഡോക്ടര്‍ വീട്ടില്‍ ലൈറ്റിട്ടു. അതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍ സമീപത്തെ വീട്ടിലെത്തി വിവരം പറയുകയും അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

അക്രമികള്‍ ഒന്നരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചെന്നും ഗ്രേസി മാത്യു മൊഴി നല്‍കി. വിരലടയാള വിദഗ്ദ്ധരടക്കം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

Related Posts