Local News

20 ഓളം ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയിൽ; പരശുറാം അട്ടിമറിക്കാന്‍ ശ്രമം?

കോഴിക്കോട്∙ പരശുറാം എക്സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. സാമൂഹ്യ വിരുദ്ധര്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 പാളത്തില്‍ 50 മീറ്ററോളം ദൂരത്താണ് കരിങ്കല്‍ കഷണങ്ങള്‍ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോണ്‍ക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ അഴിഞ്ഞുമാറിയ നിലയില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ല‌ിപ്പുകളാണിവ.

സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളില്‍ ഇങ്ങനെ ഉണ്ടാവാത്തതാണ് പോലീസിനും റെയില്‍വേ അധികൃതര്‍ക്കും സംശയമുണ്ടാക്കുന്നത്. പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല.

ശനിയാഴ്ച വൈകീട്ടാണ് പാളത്തില്‍ കല്ലുവെച്ചതെന്നു കരുതുന്നു. വൈകി ഓടിയതിനാല്‍ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്‌സ്‌പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോള്‍ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എന്‍ജിന്‍ ഡ്രൈവറുെട പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണം.

 ട്രെയിന്‍ നന്നായി ഇളകിയതായും പൈലറ്റ് പറഞ്ഞു. ഇതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ അപകടപ്പെടുത്താന്‍ തന്നെയായിരുന്നു ശ്രമം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Posts