India News

ഇനി 24×7 ഉണര്‍ന്നിരിക്കും ഈ സ്ഥലങ്ങൾ

രാത്രിജീവിതം അടിച്ചുപൊളിയാക്കാന്‍ വിദേശ രാജ്യങ്ങളെപ്പോലെ ഇന്ത്യയിലും അവസരങ്ങളുണ്ട്. ആഘോഷങ്ങള്‍ക്കു മാറ്റുകൂടണമെങ്കില്‍ മാളുകളും ഹോട്ടലുകളും 24 മണിക്കൂറും തുറന്നിരിക്കണം. ഇതും യാഥാര്‍ത്ഥ്യമാവുകയാണ്

ഉറങ്ങാത്ത നഗരമെന്ന പേര് അക്ഷരാര്‍ത്ഥത്തില്‍ നേടിയെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മുംബയ്. ഇനി മുംബയ്‌യില്‍ ഏതു പാതിരാത്രിയെത്തിയാലും ബുദ്ധിമുട്ടുണ്ടാവില്ല. റെസ്റ്ററന്റുകളും മറ്റുമൊക്കെ അര്‍ദ്ധരാത്രിയിലും തുറന്നു പ്രവര്‍ത്തിക്കുന്നതിന് പുറമെ പ്രമുഖ മാളുകളും രാത്രിയില്‍ തുറന്നിരിക്കും. മാഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞു. ജനുവരി 27 മുതല്‍ മള്‍ട്ടീപ്ലക്‌സുകള്‍, റെസ്റ്ററന്റുകള്‍, മാളുകള്‍, കടകള്‍ എന്നിവ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും വിവിധ ആവശ്യങ്ങള്‍ക്കായി മുബയ് നഗരത്തിലെത്തുന്നവര്‍ ബുദ്ധിമുട്ടില്ല എന്നതാണ് പ്രത്യേകത. അര്‍ദ്ധരാത്രിയില്‍ ഒറ്റപ്പെട്ടു പോകുന്ന സംഭവം ഉണ്ടാവുകയുമില്ല. അതേസമയം അര്‍ദ്ധരാത്രി മദ്യത്തിന്റെ ലഭ്യതയുണ്ടാവില്ല. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ മുംബയ്‌യുടെ രാത്രി ജീവിതം കൂടുതല്‍ ഊര്‍ജസ്വലമാകുമെന്നുറപ്പ്. സംസ്ഥാന ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയാണ് രാത്രികാലങ്ങളില്‍ മാളുകള്‍ അടക്കമുള്ളവ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം മുന്നോട്ട് വച്ചത്. ഈയിടെ കമ്മീഷണര്‍ സഞ്ചയ് ബാര്‍വെ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനമുണ്ടായത്.

നോണ്‍ റെസിഡന്‍ഷ്യല്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത്. ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷനും മുംബയ് പോലീസും ചേര്‍ന്ന് നല്‍കുന്ന അനുമതിയായിരിക്കും ഇത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നഗരത്തിലെ 25 മാളുകള്‍ക്ക് ഇനി ഉറക്കമുണ്ടാവില്ല. പുലരുവോളം മാളുകള്‍ ജനത്തെ സ്വീകരിക്കും. മാളിനുള്ളിലെ സേവനങ്ങള്‍ ആള്‍ക്കാര്‍ക്ക് 24 മണിക്കൂറും ലഭ്യമാകും. മാളുകള്‍ക്ക് പുറമെ നഗരത്തിലെ നൂറു കണക്കിന് റെസ്റ്ററന്റുകളും കടകളും തുറന്നു പ്രവര്‍ത്തിക്കും. അതേസയയം കടയുടമകള്‍ക്ക് ഏതൊക്കെ ദിവസങ്ങളില്‍ കടകള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് തീരുമാനിക്കാം. വാരാന്ത്യങ്ങളും അവധിദിനങ്ങളുമായിരിക്കും ഇവര്‍ തെരഞ്ഞെടുക്കുക. കൂടുതല്‍ പേര്‍ നഗരത്തിലേക്കിറങ്ങുന്നതും ഈ ദിനങ്ങളിയാരിക്കും. കച്ചവടത്തില്‍ അവര്‍ക്ക് ഇതുവഴി കൂടുതല്‍ ലാഭം കൊയ്യുകയുമാകാം. നിലവില്‍ ഗുര്‍ഗോണിലെ ഒബ്‌റോയ് മാള്‍, വോര്‍ലിയിലെ അട്രിയ മാള്‍, ഗാട്‌കൊപാറിലുള്ള ആര്‍ സിറ്റി മാള്‍, കുര്‍ള കാണ്ടിവലി ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലെ ഗ്രോവല്‍സ് 101, ലോവര്‍ പാരലിലെ ഹൈ സ്ട്രീറ്റ് ഫീനിക്‌സ് തുടങ്ങിയ മാളുകളാണ് ആദ്യഘട്ടത്തില്‍ ഉറങ്ങാതിരിക്കാന്‍ പോകുന്ന മാളുകള്‍. 24 ബൈ 7 ും തുറന്നിരിക്കുന്ന മാളുകള്‍ സന്ദര്‍ശകര്‍ക്കായി മുഴുവന്‍ സമയവും സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം എല്ലാ ദിവസവും മാളുകല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചെലവ് കൂട്ടുമെന്ന അഭിപ്രായത്തിലാണ് ചില മാള്‍ ഉടമകള്‍. വാരാന്ത്യങ്ങളില്‍ മാത്രം ഇങ്ങനെ തുറന്നു പ്രവര്‍ത്തിക്കുമെന്ന അഭിപ്രായത്തിലാണ് ചിലര്‍.

മുംബയ്‌യിലെ രാത്രിജീവിതം

രാത്രി ജീവിതം ആഘോഷിക്കുന്ന നഗരങ്ങളില്‍ മുന്‍പന്തിയില്‍ ജീവിക്കുന്നത് മുംബയ് ആണ്. ബോളിവുഡിന് പേരു കേട്ട മു്ബയ്യില്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവുമുണ്ടാവില്ല. വിശേഷപ്പെട്ട ദിനങ്ങളില്‍ മാത്രമാണ് ആഘോഷമെന്ന് കരുതരുത്. വൈകുന്നേരങ്ങളില്‍ ജനം തെരുവുകളിറങ്ങുന്നു. ഇതില്‍ മുംബയ്ക്കാരുമുണ്ടാകും മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിദ്യാഭ്യാസ സംബന്ധമായും ജോലി സംബന്ധമായും മുംബയ്യില്‍ താമസമാക്കിയവരുമുണ്ടാകും. വാരാന്ത്യങ്ങളിലായിരിക്കും ആഘോഷങ്ങള്‍ കൂടുതല്‍. വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി ആഘോഷങ്ങളാല്‍ തിരക്കിലായിരിക്കും നഗരം. മുംബയ്യിലെ ജൂഹു, ബാന്ദ്ര എന്നീ സ്ഥലങ്ങളിലാണ് വൈകുന്നേരങ്ങളില്‍ ആള്‍ക്കാര്‍ ഏറ്റവുമധികം കൂടുന്നത്. ഇതിന് പുറമെ പാര്‍ട്ടികള്‍ നടക്കുന്ന വിവിധ സ്ഥലങ്ങളും ആഘോഷിക്കാന്‍ തെരഞ്ഞെടുക്കാറുണ്ട്. കിറ്റി സൂ, പ്ലേബോയ് ക്ലബ് തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പബ്ബുകളും ബാറുകളും പല സ്ഥലങ്ങളിലും കാണാനാകും

Related Posts