India

താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: കർഷകരുടെ വിളകൾക്ക്​ ലഭിക്കേണ്ട അടിസ്​ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാവും​ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ നർനോളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

‘അടിസ്​ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാൻ ശ്രമിച്ചാൽ മനോഹർ ലാൽ ഖട്ടാർ രാഷ്​ട്രീയം അവസാനിപ്പിക്കും. അടിസ്​ഥാന താങ്ങുവില ആരും അവസാനിപ്പിക്കാൻ പോകുന്നില്ല. താങ്ങുവില നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്​. ഭാവിയിലും ഇവിടെതന്നെയുണ്ടാകും’ -ഖട്ടാർ പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമറുമായി ഖട്ടാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാർഗം ചർച്ചയാണ്​. ഈ പ്രശ്​നം ഉടൻ പരിഹരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖട്ടാർ പറഞ്ഞിരുന്നു.

Related Posts