Kerala Special Investigative Stories

കൊട്ടിയൂർ പീഡനക്കേസ്: ഫാ. റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം തടവ്, 3 ലക്ഷം പിഴ

കണ്ണൂര്‍: കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം.

ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു. കേസിലെ മറ്റ് ആറു പ്രതികളെയും വിട്ടയച്ചു. ഇവർക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്നു കോടതി നിരീക്ഷിച്ചു. തലശ്ശേരി പോക്സോ കോടതിയുടേതാണു വിധി. വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 

ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, കല്ലുമുട്ടി കോൺവെന്റിലെ  സിസ്റ്റർ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടർ സിസ്റ്റർ ബെറ്റി ജോസ്,  വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ ഒഫിലിയ എന്നിവരെയാണ് വിട്ടയച്ചത്.

പതിനാറ് വയസ്സായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരിക്കെതിരായ കേസ്.

പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കളിഞ്ഞ ഒരു വര്‍ഷമായി റിമാന്റിലായിരുന്നു. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞിരുന്നു. കേസില്‍ പത്ത് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും 3 പേരെ സുപ്രീം കോടതി വിട്ടയച്ചിരുന്നു.

കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്വന്തം താത്പര്യപ്രകാരമാണ് റോബിനുമായി ശാരീരികമായി ബന്ധപ്പെട്ടതെന്നും തന്റെ യഥാര്‍ത്ഥപ്രായം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ലെന്നും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. എന്നാല്‍ പ്രായം പരിശോധിക്കാനുള്ള ശാസ്ത്രീയപരിശോധനകള്‍ക്ക് വിധേയയാകാന്‍ തയ്യാറല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാള്‍ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

Related Posts