Local News

പൗരത്വ നിയമ പ്രതിഷേധം

രാഷ്ട്രപതിയില്‍നിന്നും ഒന്നാംറാങ്ക്‌ മെഡൽ നിരസിച്ച്‌ മലയാളി വിദ്യാർഥിനി, ബിരുദദാന ചടങ്ങ്‌ ബഹിഷ്‌ക്കരിക്കുമെന്ന്‌ വിദ്യാർഥികൾ

പോണ്ടിച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലാ വിദ്യാർഥികൾ. ബിരുദദാന ചടങ്ങ്‌ ബഹിഷ്‌ക്കരിക്കാനുമാണ്‌ എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള സ്‌റ്റുഡന്റ്‌സ്‌ കൗൺസിൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പ്രതിഷേധത്തോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ റാങ്ക്‌ മെഡലുകൾ നിരസിക്കാനും പിഎച്ച്‌ഡി അടക്കം സ്വീകരിക്കുന്ന ചടങ്ങുകൾ ബഹിഷ്‌ക്കരിക്കാനുമാണ്‌ വിദ്യാർഥികൾ ഒരുങ്ങുന്നത്‌.എൻആർസി, പൗരത്വ ഭേദഗതി നിയമം എന്നിവ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനൊപ്പം ചേർന്നാണ്‌ മെഡൽ നിരസിക്കുന്നതെന്ന്‌ എംഎസ്‌സി ഇലക്‌ട്രോണിക്‌ മീഡിയ ഒന്നാം റാങ്ക്‌ ജേതാവും കോട്ടയം കറുകച്ചാല്‍ സ്വദേശിനിയുമായ  കാർത്തിക ബി കുറുപ്പ്‌ പറഞ്ഞു. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ആണ്‌ ചടങ്ങിൽ പങ്കെടുക്കുന്നത്‌. ചടങ്ങ്‌ ബഹിഷ്‌ക്കരിക്കുകയാണെന്നും ഭരണഘടനാവിരുദ്ധമായ നിയമം പിൻവലക്കണമെന്നും കാർത്തിക കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പിൽ സ്‌റ്റാറ്റസ്‌ ഇട്ടിരുന്നു. ഇത്‌ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

വ്യക്തിപരമായ തീരുമാനമാണെന്നും നിയമം മനുഷ്യത്വവിരുദ്ധമാണെന്നും സ്വർണമെഡൽ ജേതാവായ കാർത്തിക പറയുന്നു. എറണാകുളം 24 ന്യൂസ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുകയാണ് കാർത്തിക. കറുകച്ചാൽ സ്വദേശി ബാലകൃഷ്ണ കുറുപ്പിന്റെയും ശോഭ കുറുപ്പിന്റെയും മകളാണ്.

രാഷ്‌ട്രപതി പങ്കെടുക്കുന്ന ചടങ്ങ്‌ ബഹ്‌ഷ്‌ക്കരിക്കാൻ വെള്ളിയാഴ്‌ച സ്‌റ്റുഡന്റ്‌സ്‌ കൗൺസിൽ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെ ഗവേഷക വിദ്യാർഥിയായ എ എസ്‌ അരുൺകുമാർ പിഎച്ച്‌ഡി സ്വീകരിക്കുന്നതിൽനിന്ന്‌ വിട്ടുനിൽക്കുമെന്നും സമൂഹമമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിയമം പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്നാണ്‌ വിദ്യാർഥികൾ അറിയിച്ചിരിക്കുന്നത്‌.

Related Posts