India Politics Special Investigative Stories

ഭീകരവാതത്തെ നേരിടുന്നതിൽ കോൺഗ്രസ് സൈന്യത്തിനും സർക്കാരിനുമൊപ്പം : രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങള്‍കൊണ്ടു രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനുമാകില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കുമില്ല- രാഹുല്‍ വ്യക്തമാക്കി

ഈ രാജ്യത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ഒരു ശക്തിക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ഈ വിഷമഘട്ടത്തില്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാവരുടേയും പൂര്‍ണ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനേയും സൈന്യത്തേയും പൂര്‍ണമായും പിന്തുണയ്ക്കുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ദുഃഖത്തിന്റെ ദിവസമാണെന്നും ജവാന്‍മാരുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഭീകര ശക്തികളോട് രാജ്യം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും തീവ്രവാദത്തോട് സന്ധിയില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാലയുടെ ട്വീറ്റുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

Related Posts