Special Investigative Stories

കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച സംഭവം; ഡോ. ജോണ്‍ എസ്. കുര്യനെ സ്ഥലം മാറ്റി

തിരുവനന്തപുരം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ്. കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ പ്രക്ഷോഭം നടത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തര അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്. അതേസമയം ഡോക്ടര്‍ക്കെതിരെ സമാന്തരമായി അന്വേഷണവും നടക്കും. നടപടിയില്‍ തൃപ്തരായ നഴ്‌സുമാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച സർജറി വിഭാഗം ഐ സി യുവിലായിരുന്നു സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ ബെഡ്ഡിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ വെച്ചു മറന്നതിനായിരുന്നു ശിക്ഷാ നടപടി. രോഗി കിടന്നതിന് സമാനമായി കിടത്തി ഒന്നര മണിക്കൂറോളം ഉപകരണങ്ങൾ അടങ്ങിയ ട്രേ കാലിൽ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് ആരോപണം. എന്നാൽ മൂന്ന് കിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തിൽ വെച്ച് മറന്നതെന്നാണ് ഡോ. ജോൺ എസ് കുര്യന്റെ വിശദീകരണം. ഇത്തരം ശിക്ഷാ നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന ജോൺ എസ് കുര്യനു കീഴിൽ തുടരാനാവില്ലെന്ന് നഴ്സുമാർ കോളേജ് പ്രിൻസിപ്പളിനെ അറിയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് ഡോക്ടറെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്. 

Related Posts